ഷിംല: ഹിമാചൽപ്രദേശിലെ ഉനായിൽ വീട്ടുവളപ്പിൽനിന്ന് പേരയ്ക്ക പറിച്ചെന്ന് ആരോപിച്ച് നാല് വയസുകാരിയെ വിമുക്തഭടൻ കെട്ടിയിട്ട് മർദിച്ചു. കുട്ടിയെ വീടിന്റെ മുൻവശത്തെ ഗോവണിയിൽ കെട്ടിയിട്ട ശേഷമാണ് ഇയാൾ ക്രൂരമായി ഉപദ്രവിച്ചത്.
സംഭവം കണ്ടെത്തിയ പ്രദേശവാസിയായ രോഹിത് ജയ്സ്വാൾ, കുട്ടിയുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തി. കുട്ടി ഗോവണിയിൽ കെട്ടിയിട്ട നിലയിൽ സഹായിക്കാനായി യാചിക്കുന്നതായിരുന്നു അദ്ദേഹം കണ്ടത്.
ഉടൻ തന്നെ രോഹിത് ചൈൽഡ് ലൈനിലും പോലീസിലും വിവരമറിയിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇതോടെയാണ് വിമുക്തഭടൻ പെൺകുട്ടിയെ കെട്ടഴിച്ചുവിട്ടത്. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ കുടുംബത്തോട് ക്ഷമാപണം നടത്തുകയുംചെയ്തു.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.